തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച വരെ മഴ തീവ്രമായി തുടര്‍ന്നേക്കുമെന്നും കലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലൊ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 9: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
ഒക്ടോബര്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
ഒക്ടോബര്‍ 11: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.
ഒക്ടോബര്‍ 12: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഞായറാഴ്ച വരെ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തീരങ്ങളിലും സമാന കാലാവസ്ഥയായിരിക്കും. പ്രസ്തുത ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.