കര്‍ഷക രക്തസാക്ഷിത്വ ദിനം; റെയില്‍ തടയല്‍; മഹാപഞ്ചായത്ത്; രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍

ന്യൂഡെൽഹി: ലഖിംപുര്‍ ഖേരി ആക്രമണത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയ്ക്കും മകന്‍ ആശിഷ് മിശ്രയ്ക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച അഞ്ചിന സമര പരിപാടികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12 ന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടി നടത്തും. കര്‍ഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കും.

ഒക്ടോബര്‍15 ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിക്കും. 18 ന് രാജ്യവ്യാപക റെയില്‍ ഉപരോധവും 26 ന് ലക്നൗവില്‍ മഹാപഞ്ചായത്തും പ്രഖ്യാപിച്ചു.

കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. ലഖിംപൂര്‍ ഖേറിയില്‍ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇന്നലെ ആരംഭിച്ച നിരാഹാരമാണ്‌ സിദ്ദു അവസാനിപ്പിച്ചത്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ നിരാഹാരം അവസാനിപ്പിക്കുന്നുവെന്ന് സിദ്ദു അറിയിച്ചു.

അതേ സമയം ലഖിംപൂര്‍ കേസില്‍ മന്ത്രി പുത്രനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറ്റിയതില്‍ തനിക്ക് പങ്കില്ലെന്ന വാദം ആശിഷ് മിശ്ര ആവര്‍ത്തിക്കുകയാണ്. മാധ്യമങ്ങളെ ഒഴിവാക്കി പിന്‍വാതിലിലൂടെയാണ് ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഒടുവില്‍ ഇടപെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചു.