നവരാത്രിക്ക് ജീവനക്കാർക്ക്‌ “ഡ്രസ്‌ കോഡ്‌’ ; യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വിവാദ ഉത്തരവ്‌ പിൻവലിച്ചു

ന്യൂഡെൽഹി: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ജീവനക്കാർക്ക്‌ “ഡ്രസ്‌ കോഡ്‌’ നൽകിയ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വിവാദ ഉത്തരവ്‌ പിൻവലിച്ചു. ഒക്‌ടോബർ ഏഴു മുതൽ 15 വരെയുള്ള ഒമ്പത്‌ ദിവസങ്ങളിലാണ്‌ ജീവനക്കാർക്ക്‌ നിർബന്ധിത ഡ്രസ്‌ കോഡ്‌ നൽകിയിരുന്നത്‌.

നിർദ്ദേശിച്ചിട്ടുള്ള നിറത്തിനനുസരിച്ച്‌ വസ്‌ത്രം ധരിച്ചില്ലെങ്കിൽ ജീവനക്കാർ 200 രൂപ പിഴയടക്കണം. ഓരോ ദിവസവും ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് അയക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. മഞ്ഞ, പച്ച, ഓറഞ്ച്‌, ഗ്രേ, വെള്ള, ചുവപ്പ്‌, നീല, പർപ്പിൾ, പിങ്ക്‌ നിറങ്ങളിലുള്ള വസ്‌ത്രങ്ങളാണ്‌ ധരിക്കേണ്ടത്‌ എന്നിങ്ങനെയായിരുന്നു ഉത്തരവ്‌.

വിവാദ ഉത്തരവിൽ പ്രതിഷേധവുമായി ഓൾ ഇന്ത്യ യൂണിയൻ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ രംഗത്തെത്തിയിരുന്നു. മതവിഭാഗങ്ങളുടെ ആഘോഷത്തിന്‌ ഏത്‌ വസ്‌ത്രം ധരിച്ചെത്തണമെന്ന്‌ ഔദ്യോഗിക നിർദ്ദേശം നൽകുന്നത്‌ തെറ്റായ കീഴ്‌വഴക്കമാണെന്ന്‌ ഫെഡറേഷൻ ബാങ്ക്‌ സിഇഒ ജി രാജ്‌ കുരൺ റായ്‌ക്ക്‌ അയച്ച പരാതിയിൽ പറഞ്ഞു.

ബാങ്കിന്റെ 100 വർഷ ചരിത്രത്തിൽ ഇന്നേവരെ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. ഉത്തരവ്‌ ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ജനറൽ മാനേജർ ഉത്തരവ്‌ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്‌.