ട്രെയിനില്‍ കഞ്ചാവ് കടത്തി; ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിൽ

പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. വിശാഖപട്ടണത്ത് നിന്ന് തൃശ്ശൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഷാലിമാര്‍ – തിരുവനന്തപുരം എക്സ്പ്രസിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്.

കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. ഇതിനായാണ് യുവതിയെ ഒപ്പം കൂട്ടിയത്. ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പരിശോധന ഭയന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് നാലേമുക്കാല്‍ കിലോയോളം കഞ്ചാവും കണ്ടെത്തി. യുവമോര്‍ച്ച കുന്നംകുളം മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. കൊലപാത ശ്രമം ഉള്‍പെടെ 10 കേസുകളിലും സജീഷ് പ്രതിയാണ്. ഇതിന് മുമ്പും സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്ത് വര്‍ധിച്ചത്.