ഇന്റര്‍നെറ്റില്‍ പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ടിംഗ് സംഘങ്ങൾ സംസ്ഥാനത്ത് സജീവം

കോഴിക്കോട്: പ്രമുഖ കമ്പനികളിൽ ജോലി നൽകാമെന്ന് ഇൻറർനെറ്റിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ടിംഗ് സംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു. സ്വകാര്യ വിമാനകമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് വാഗ്ദാനം നൽകി കോഴിക്കോട് ജില്ലയിൽമാത്രം നിരവധി യുവാക്കളിൽനിന്നാണ് സംഘം പണം തട്ടിയത്.

കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവ് ദിവസങ്ങൾക്ക് മുൻപാണ് ഇൻഡിഗോ എയർലൈൻസിൽ ജോലി ഒഴിവുണ്ടെന്ന പരസ്യം ഇൻറർനെറ്റിൽ കണ്ടത്. പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർചെയ്തു. മണിക്കൂറുകൾക്കുള്ളിൽ വിമാനകമ്പനി അധികൃതരെന്നവകാശപ്പെട്ട് ഫോണിൽ ഒരാൾ ബന്ധപ്പെട്ടു. തിരിച്ചറിയൽ രേഖകളും ആയിരത്തി അറന്നൂറ് രൂപയും ആവശ്യപ്പെട്ടു.

കൊൽക്കത്ത എസ്ബിഐ ശാഖ അക്കൗണ്ട് നമ്പറിനൊപ്പം വിമാനകമ്പനിയുടെ പേരിനോട് സാമ്യമുള്ള ഇമെയിൽ ഐഡിയും വെബ്സൈറ്റുകളുമൊക്കെയാണ് ഇവർ നൽകിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലോഗോവച്ച് അടുത്തുള്ള വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലിക്കെടുത്തെന്നും ഇരുപത്തി രണ്ടായിരം രൂപമുതലാണ് ശമ്പളമെന്നുമുള്ള അറിയിപ്പ് കിട്ടി. എന്നാൽ യൂണിഫോമിനായി മൂവായിരം രൂപകൂടി നൽകണമെന്ന് പറഞ്ഞതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

തട്ടിപ്പ് ചോദ്യം ചെയ്തപ്പോൾ നേരത്തെ നൽകിയ ഫോട്ടോയ്ക്ക് മുകളിൽ ക്രിമിനൽ ബാഗ്രൗണ്ട് എന്നെഴുതി യുവാവിനുതന്നെ തിരിച്ചയച്ചു. ഇത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. ലോക്ഡൗണിൽ ദുരിതത്തിലായ നിരവധി യുവാക്കൾക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ടെന്നും ,പലരും പരാതി നൽകാൻ തയാറാകാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെന്നും പോലീസ് പറയുന്നു. അതേസമയം പരസ്യം നൽകിയവരുമായി ഒരു ബന്ധവുമില്ലെന്ന് വിമാന കമ്പനി അധികൃതർ സ്ഥിരീകരിച്ചു.