കാലുവാരിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികളോട് കോണ്‍ഗ്രസ്; പരാജയം നിയോജകമണ്ഡലം തലത്തില്‍ പഠിക്കും

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ഘടകകക്ഷികളോട് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തിലാണ് കെപിസിസി നേതൃത്വം ഈ ആവശ്യമുന്നയിച്ചത്.

തെരഞ്ഞെടുപ്പ് പരാജയം നിയോജകമണ്ഡലം തലത്തില്‍ പഠിക്കും. യുഡിഎഫ് കമ്മിറ്റികള്‍ പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കാലു വാരിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്.

ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരോടും കണ്‍വീനര്‍മാരോടും വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ സമീപനം ഘടകക്ഷികളും സ്വീകരിച്ചില്ലെങ്കില്‍ മുന്നണിക്ക് പ്രയോജനമുണ്ടാകില്ല.

പരാജയം ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കും. അടുത്തയാഴ്ച മുതല്‍ മണ്ഡലം അടിസ്ഥാനത്തില്‍ തുടങ്ങുന്ന യുഡിഎഫ് കണ്‍വെന്‍ഷനുകളാണ് ഇത് പഠിക്കുക. കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം കൊണ്ടു വരുന്ന ഘടനാപരമായ മാറ്റങ്ങള്‍ യുഡിഎഫിലും നടപ്പാക്കുകയാണ്. അതിന്റ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.