Home State “അടിയൊഴുക്കുകൾ ” കാരണം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

“അടിയൊഴുക്കുകൾ ” കാരണം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

0

തിരുവനന്തപുരം: ഖാദിബോര്‍ഡ് വൈസ് ചെയര്‍മാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്.
“അടിയൊഴുക്കുകൾ ” എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാലാണ് സ്ഥാനം ഏറ്റെടുക്കാത്തതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ചെറിയാന്‍ ഫിലിപ്പ് കെടിഡിസി ചെയര്‍മാനായിരുന്നു. രാജ്യസഭയിലേക്ക് ചെറിയാനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് അതൃപ്തി വ്യക്തമാക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുമുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ സ്ഥാനം തേടിയെത്തിയിരിക്കുന്നത്,

ചെറിയാൻ ഫിലിപ്പിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.

40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.

രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്‌. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് ഡി സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here