ജനീവ: ലോകമെമ്പാടും 500 കോടിയിലധികം പേർ 2050-ഓടെ രൂക്ഷമായ ജലക്ഷാമത്തിൻ്റെ പിടിയിലമരുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ (യുഎൻ) മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച എന്നിവയുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ വർധിക്കുമെന്നും ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യു.എം.ഒ.). തയ്യാറാക്കിയ റിപ്പോർട്ട് വിശദീകരിക്കുന്നു.
360 കോടി പേർക്ക് 2018-ൽ കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നു. 2050-ഓടെ ഇതു 500 കോടി കടക്കുമെന്നാണ് ‘ദ സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് സർവീസസ് 2021: വാട്ടർ’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. “ചൂടു കൂടുന്നത് ആഗോളതലത്തിൽ വർഷകാലങ്ങളിൽ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്നു”. ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ പ്രൊഫ. പീറ്റെരി താലസ് പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ ഭൂഗർഭ ജലത്തിന്റെ അളവ് പ്രതിവർഷം ഒരു സെൻറി മീറ്റർ എന്ന തോതിൽ കുറയുന്നുണ്ട്. അന്റാർട്ടിക്കയിലും ഗ്രീൻലൻഡിലുമാണ് ഏറ്റവും കുറയുന്നത്. 2000-ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ 137 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
വരൾച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റെ വർധനയുണ്ടായി. വെള്ളപ്പൊക്കങ്ങളും ഇതു കാരണമുണ്ടായ സാമ്പത്തിക നഷ്ടവും കൂടുതൽ ഏഷ്യയിലാണ്. വരൾച്ച കാരണമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.