സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍നയ്ക്ക്

ഡോഡോമ: സാഹിത്യ നോബേല്‍ പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍നയ്ക്ക്. കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.

1948 ല്‍ സാന്‍സിബാറില്‍ ജനിച്ച അബ്ദുള്‍റസാക്ക് ഗുര്‍ന ഇംഗ്ലണ്ട് ആസ്ഥാനമായുള്ള കെന്റ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ഗുര്‍നയുടെ പാരഡൈസ് എന്ന നോവല്‍ 1994 ലെ ബുക്കര്‍ പ്രൈസിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പത്ത് നോവലുകളാണ് അദ്ദേഹം ഇതുവരെ രചിച്ചിട്ടുള്ളത്.

സാഹിത്യത്തിനുള്ള നോബേല്‍ കമ്മിറ്റി ചെയര്‍മാനായ ആന്‍ഡേഴ്‌സ് ഓള്‍സണ്‍ ഗുര്‍നയെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് കൊളോണിയല്‍ എഴുത്തുകാരില്‍ ഒരാള്‍ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം അമേരിക്കന്‍ കവി ലൂയിസ് ഗ്ലോക്കിനാണ് ലഭിച്ചത്.