ലഖിംപുര്‍ ഖേരി സംഭവം; കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂഡെല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്ര തേനിയുടെ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംഭവം നടന്ന ദിവസങ്ങള്‍ക്ക്​ ശേഷമാണ്​ ആശിഷ്​ മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ആശിഷ്​ മിശ്രക്കെതിരെ കൊല​ക്കുറ്റത്തിനാണ്​ കേസെടുത്തിരിക്കുന്നത്​. ആശിഷ്​ മിശ്രയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഒക്​ടോബര്‍ മൂന്നിനാണ്​ കര്‍ഷകര്‍ക്കിടയിലേക്ക്​ വാഹനം പാഞ്ഞുകയറി ഒൻപത്​ പേര്‍ മരിച്ചത്​​.

ലഖ്​നോ ഐ.ജി ലക്ഷ്​മി സിങ്​ സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ ചോദ്യം ചെയ്​തിരുന്നു. ആശിഷ്​ പാണ്ഡേ, ലാവ്​ കുശ്​ എന്നിവരെയാണ്​ ചോദ്യം ചെയ്​തത്​. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്​ വിവരം.