തപാല്‍ വഴി വന്ന 42 കവറുകളില്‍ കണ്ടെത്തിയത് രാസലഹരികള്‍; തപാല്‍ വന്നത് ആര്‍ക്കെന്ന് കണ്ടെത്താനാവാതെ പുലിവാല പിടിച്ച്‌ കസ്റ്റംസ്‌

കൊച്ചി: ഇന്ത്യ പോസ്റ്റിന്റെ 42 തപാല്‍ കവറുകളില്‍ രാസലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്നു കസ്റ്റംസ് പിടിച്ചെടുത്ത കവറുകളില്‍ നിന്നാണ് രാസഹലരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആര്‍ക്കാണ് വന്നതെന്നോ എവിടെ നിന്നാണ് വന്നതെന്നോ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് കസ്റ്റംസ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ്, സംശയം തോന്നി പരിശോധിച്ച തപാല്‍ കവറുകളില്‍ വിലകൂടിയ രാസലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. തപാല്‍ കവര്‍ തടഞ്ഞുവച്ച വിവരം രഹസ്യമാക്കി വിലാസക്കാരെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള പൊലീസിന്റെ സഹായവും കസ്റ്റംസ് തേടിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.

ഇന്ത്യ പോസ്റ്റ് വഴി അയയ്ക്കുന്ന പാഴ്‌സലുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന തപാല്‍ ഓഫിസിലെ പോസ്റ്റ് മാസ്റ്റര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രം പാഴ്‌സലുകള്‍ പൊതിഞ്ഞാല്‍ മതിയെന്ന വകുപ്പുതല നിര്‍ദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം കൂടി മുതലെടുത്താണു ലഹരി മാഫിയ തപാല്‍ സര്‍വീസ് ദുരുപയോഗിച്ച്‌ ഇടപാടുകാര്‍ക്കു ലഹരി മരുന്നുകള്‍ എത്തിക്കുന്നത്.

കാക്കനാട് വാഴക്കാല എംഡിഎംഎ കേസില്‍ അറസ്റ്റിലായ ‘ടീച്ചര്‍’ സുസ്മിത ഫിലിപ്പിനും സംശയകരമായ രീതിയില്‍ ഇടയ്ക്കിടെ തപാല്‍ കവറുകളും പാഴ്‌സലുകളും ലഭിച്ചിരുന്നു. തപാല്‍ കവറിനുള്ളില്‍ ലഹരി പദാര്‍ഥം കണ്ടെത്തിയതു കസ്റ്റംസ് പരിശോധനയിലാണെങ്കിലും ഇതിന്റെ അന്വേഷണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനോ കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കോ (എന്‍സിബി) സംസ്ഥാന എക്‌സൈസ് സേനയ്‌ക്കോ കൈമാറിയിരുന്നില്ലെന്നതാണ് അന്വേഷണം മന്ദീഭവിക്കാന്‍ കാരണം.