കൊച്ചി : ഒരു മാസത്തെ കൊറോണാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊറോണ ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൊറോണയ്ക്ക് ശേഷമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊറോണ ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി, കോവിഡാനന്തര ചികില്‍സയും സൗജന്യമാക്കിക്കൂടേ എന്ന് ചോദിച്ചത്. നിലവില്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്നും കൊറോണാനന്തര ചികില്‍സയ്ക്ക് പണം ഈടാക്കുന്നുണ്ട്. ഇത് ശരിയായ നടപടിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു.
ചെറിയ തുക മാത്രമാണ് കൊറോണാനന്തര ചികില്‍സയ്ക്ക് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും വ്യക്തമാക്കി. ഒരുമാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയില്‍ വരുന്നത്.
ഇവര്‍ ഒരുമാസം കൊറോണ ചികില്‍സയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറി വാടകയായി മാത്രം നല്‍കേണ്ടി വരും. പിന്നെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യുമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.
കൊറോണ നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണം കൊറോണ മരണമായി കണക്കാക്കുന്നു. സമാന രീതിയില്‍ കൊറോണ നെഗറ്റീവ് ആയി ഒരു മാസത്തെ കൊറോണാനന്തര ചികില്‍സയെങ്കിലും സൗജന്യമായി നല്‍കിക്കൂടേ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.