സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തു

മലപ്പുറം: തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തു. കുപ്പു ദേവരാജ്, അജിത , വേൽമുരുകൻ എന്നിവരടക്കം 19 പേർ പ്രതികളായ കേസാണിത്. 2016 ൽ നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തുകയും സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനമാചരിക്കുകയും ചെയ്തുവെന്നാണ് കേസ്.

മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ 2017 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത ശേഷം കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ചു കൊണ്ടിരുന്ന കേസാണ് എൻഐഎ ഏറ്റെടുത്തത്. എഫ് ഐആർ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു.

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ, കുപ്പു ദേവരാജ്, അജിത എന്നിവരടക്കം 19 പേരാണ് പ്രതികൾ. കേസിലെ പ്രതിയായ മറ്റൊരു മലയാളി രാജൻ ചിറ്റിലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. 2016 സെപ്റ്റംബറിൽ നിലമ്പൂർ മുണ്ടക്കടവ് കോളനിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ ഇവരടങ്ങുന്ന സംഘം ആയുധ പരിശീലന ക്യാംപ് നടത്തിയതെന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനാ യോഗം ചേർന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി തീവ്രവാദ വിരുദ്ധ ക്യാംപ് സംഘടിപ്പിക്കുക, തീവ്രവാദ സംഘടനയിൽ അംഗമാകുക, ആയുധങ്ങൾ ശേഖരിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് .

മാവോയിസ്റ്റ് പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിക്കുന്ന മൂന്നുപേർ ഇപോഴും കേസിൽ പിടികിട്ടാപ്പുള്ളികളാണ്. ഇപ്പോഴും തമിഴ്നാട് കേരള വനത്തിലുണ്ടെന്ന് കരുതുന്ന വിക്രം ഗൗഡ, സോമൻ , ചന്ദു എന്നിവർക്കായുള്ള അന്വേഷണവും ഊർജിതമാണ്.