ലണ്ടൻ: ഫൈസർ വാക്‌സിന്റെ ബൂസ്റ്റർ ഷോട്ടിന് യൂറോപ്യൻ യൂണിയന്റെ അംഗീകാരം. ബൂസ്റ്റർ ഷോട്ട് 18 വയസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാനാണ് യൂറോപ്യൻ യൂണിയന്റെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയത്. കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ച് 6 മാസം തികഞ്ഞവർക്ക് ബൂസ്റ്റർ ഷോട്ടുകൾ എടുക്കാവുന്നതാണ്. വളരെ കുറവ് പ്രതിരോധ ശേഷിയുള്ളവർക്ക് രണ്ടാം ഡോസെടുത്ത് 28 ദിവസം പൂർത്തിയാകുമ്പോൾ ഫൈസർ വാക്‌സിനോ മഡോണ വാക്‌സിനോ എടുക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇതിനോടകം നിരവധി രാജ്യങ്ങളിൽ ഫൈസറിന്റെ ബൂസ്റ്റർ ഷോട്ട് കുത്തിവെയ്പ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ബൂസ്റ്റർ ഷോട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല. പലരിലും വാക്‌സിനേഷന് ശേഷം ഒരു വർഷത്തോളം കാലം ആന്റിബോഡികൾ നിലനിൽക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്. നിലവിൽ എല്ലാ പൗരൻമാർക്കും ഇരുഡോസുകളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കി.