ലഖ്‌നൗ: സംഘർഷം നിലനിൽക്കുന്ന ലഖിംപൂരിലേക്ക് രാഹുൽ ഗാന്ധിയും എത്തുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാഗങ്ങളെ കാണുന്നതിനായാണ് രാഹുല്‍ ഗാന്ധിയും എത്തുന്നത്. പ്രതിഷേധിച്ച കർഷകരുടെ മരണത്തിനു കാരണക്കാരനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലഖിംപുരിലെത്തിയിരുന്നു. എന്നാല്‍ പ്രദേശത്തേക് പോകുവാനോ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങങ്ങളെ സന്ദർശിക്കാനോ പ്രിയങ്ക ഗാന്ധിയെ പൊലീസ് അനുവദിക്കാതെ കസ്റ്റഡിയിൽ എടക്കുകയായിരുന്നു. പ്രിയങ്കയെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാതെ താന്‍ തിരികെ പോകില്ലെന്ന ശക്തമായ നിലപാടിലാണ് പ്രിയങ്ക ഗാന്ധി. ഇതോടെ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.
ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രതിപക്ഷ നേതാക്കളെ തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനയും പൊലീസ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടഞ്ഞിരുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെയും ലഖിംപൂരിലേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്പി നേതാക്കളെയും ലഖിംപൂര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്ന് യുപി പൊലീസ് വിലക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം കാര്‍ ഇടിച്ചു കയറിയത്. സംഭവത്തിൽ നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലഖിംപൂരില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.