ലഖിംപൂർ ഖേരിയിൽ ജുഡീഷ്യൽ അന്വേഷണം;മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി നാലു കർഷകരടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു.

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. ഇന്ന് പരിക്കേറ്റ് പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു.

പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് കുമാർ മിശ്ര ഉൾപ്പടെ പതിനാലു പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തി യുപി കേസ് എടുത്തു. ആശിശ് കുമാർ മിശ്രയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദ്ദേഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുകയാണ്. മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ട്. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തിവച്ചു.