ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണയെ നിയമച്ചതിന് പിന്നാലെ താരത്തിന് നറുക്ക് വീണതായാണ് സൂചന. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ കങ്കണയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് താരത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശേഷമായിരുന്നു യുപി സര്‍ക്കാരിന്റെ ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണയെ നിയമിച്ചത്. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച വിവരം അറിയിച്ചത്.
യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കങ്കണ അഭിനന്ദിച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. രാം സ്വരൂപ് ശര്‍മ്മയുടെ നിര്യണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലമാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡി. മണ്ഡലത്തിലെ ഭാംബിലയാണ് കങ്കണയുടെ ജന്മദേശം എന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.
മാണ്ഡിക്ക് പുറമേ ഫത്തേപ്പൂര്‍, ജുബ്ബല്‍ കോട്ട്കായ്, ആര്‍കി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് രാം സ്വരൂപ് ശര്‍മ്മ അന്തരിച്ചത്. ഉടന്‍ ചേരുന്ന ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പരിഗണിച്ചേക്കും.
ധര്‍മ്മശാലയില്‍ വൈകാതെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യോഗത്തില്‍ പരിഗണിക്കപ്പെടുന്ന പേരുകള്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയ ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക. ഇതിന് മുന്നോടിയായി ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകളില്‍ കങ്കണയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മാണ്ഡിയില്‍ കങ്കണയെ മത്സരിപ്പിക്കുന്നതിനോട് ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കങ്കണയെ മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാക്കളെ തഴയേണ്ടിവരുമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണായകമാകുക.