ന്യൂഡെൽഹി: കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുള്ള കഴിവില്ലായ്മ മറയ്ക്കാൻ നേതാക്കൾ പരിഹാസ്യമായ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരുടെ എണ്ണം സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും മുതിർന്ന നേതാവ് രൺദീപ് സുർജേവാലയും പരസ്പരവിരുദ്ധ സംഖ്യകളാണ് പറഞ്ഞത്. ഇതിനെ പിശകുകളുടെ തമാശയെന്നാണ് അമരീന്ദർ വിശേഷിപ്പിച്ചത്. പഞ്ചാബിലെ 79 കോൺഗ്രസ് എംഎൽഎമാരിൽ 78 പേരും അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയെന്നായിരുന്നു സുർജേവാല അവകാശപ്പെട്ടത്. എന്നാൽ രസകരമായ വസ്തുത ഒരു ദിവസത്തിനു ശേഷം ഹരീഷ് റാവത്ത് പറഞ്ഞത് 43 എംഎൽമാർ കത്ത് നൽകിയെന്നായിരുന്നു- അമരീന്ദർ പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോള്‍ തോന്നുന്നത് നവജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവന്‍ പാര്‍ട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണ്. അടുത്ത തവണ അവര്‍ അവകാശപ്പെടും, 117 എംഎൽഎമാരും എനിക്കെതിരെ കത്തെഴുതിയെന്ന്- അമരീന്ദര്‍ പറഞ്ഞു.
ഇതാണ് പാര്‍ട്ടിയിലെ സ്ഥിതി. അവരുടെ നുണകള്‍ പോലും അവര്‍ക്ക് ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്. വലിയൊരു വിഭാഗം മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് മോഹനിദ്രയിലാണ്. ഭീഷണിക്ക് വഴങ്ങിയാണ് 43 എംഎൽഎമാര്‍ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അമരീന്ദര്‍ പറഞ്ഞു.