ന്യൂഡെൽഹി: ഭീകരവിരുദ്ധ റെയ്ഡിനിടെ അറസ്റ്റിലായ ഭീകരർക്ക് 15 ദിവസം പാകിസ്താനിൽ പരിശീലനം ലഭിച്ചിരുന്നതായി റിപ്പോർട്ട് . ഡെൽഹിയിൽ അറസ്റ്റിലായ ഒസാമ(22), സീഷാന്‍ ക്വമര്‍(28) എന്നിവര്‍ക്ക് പാകിസ്താനില്‍ ലഭിച്ച പരിശീലനത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് പുറത്ത് വന്നത് . ഇന്ത്യയിൽ നിന്ന് മസ്കറ്റിലെത്തിയ അവർ ബോട്ടിലാണ് പാകിസ്താനിലെ ഗ്വാദർ തുറമുഖത്ത് ഇറങ്ങിയത്.
15 ദിവസത്തെ പരിശീലനത്തിന് ശേഷം പാകിസ്താനിൽ നിന്ന് വീണ്ടും കടൽമാർഗം ഒമാൻ തീരത്തെത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ജമൻ മുഹമ്മദ് ഷെയ്ക്ക് (47), സമീർ, മൂൽചന്ദ് (47), മൊഹദ് അബൂബക്കർ (23), മൊഹമ്മദ് അമീർ ജാവേദ് (31) എന്നിവർക്കൊപ്പം സെപ്റ്റംബർ 14 ന് ഡെൽഹിയിലും യുപിയുടെ വിവിധ ഭാഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് ഒസാമയും ഖമാറും അറസ്റ്റിലായത് .
ഗണേശ ചതുർത്ഥി, നവരാത്രി, രാമലീല എന്നീ ഉത്സവങ്ങളിൽ ഡെൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി രാജ്യത്തുടനീളം നിരവധി സ്ഫോടനങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ജാൻ മുഹമ്മദ് ഷെയ്ക്കിന് 20 വർഷങ്ങൾക്ക് മുമ്പ് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പറഞ്ഞിരുന്നു.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും 15 ദിവസം നീണ്ടുനിന്ന ‘തിയറി- പ്രാക്ടിക്കല്‍’ പരിശീലനം ലഭിച്ചിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . കറാച്ചിയിലെ ഒരു ഫാംഹൗസിലായിരുന്നു പരിശീലനം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം ലഭിച്ചു. വാണിജ്യസമുച്ചയത്തിന് തീവെച്ച ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതെ എങ്ങനെ രക്ഷപ്പെടണം, എ.കെ.56 എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ പരിശീലനവും ഇവര്‍ക്ക് ലഭിച്ചു. പരിശീലനത്തിന്റെ അവസാനദിനം ഇവര്‍ക്ക് യാത്രയയപ്പും നല്‍കിയിരുന്നു.
റെയിൽവെ ട്രാക്കുകളും പാലങ്ങളും ബോംബ് വച്ച് തകർക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടു. പല ദിക്കിൽ നിന്നുള്ളവർ ഏതെങ്കിലും സ്ഥലത്ത് കണ്ടുമുട്ടി ഒന്നിച്ചാണ് ആക്രമണത്തിനുള്ള സ്ഥലങ്ങളും മറ്റും നിരീക്ഷിക്കാൻ പോയിരുന്നത്. മുംബയിൽ അടക്കം രഹസ്യമായി പ്രവർത്തിക്കുന്ന ഭീകര സെല്ലുകളുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും വ്യക്തമായി.
യാത്രയ്ക്ക് പ്രധാനമായും ഇവര്‍ സ്പീഡ് ബോട്ടുകളാണ് ഉപയോഗിച്ചത്. ലക്നൗവിൽ നിന്ന് ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് അവർ 2021 ഏപ്രിൽ 21 ന് സലാം എയർ ഫ്ലൈറ്റിൽ പുറപ്പെട്ടു. ബംഗ്ലാ ഭാഷ സംസാരിക്കുന്ന ഒരു ക്യാബ് ഡ്രൈവർ ഇവരെ ബോഷറിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി ഹോട്ടൽ മാനേജർക്ക് പരിചയപ്പെടുത്തി . ഒരു പാകിസ്ഥാൻ പൗരനുമായി ഒസാമ ഹോട്ടലിൽ സംസാരിച്ചതായും വിവരങ്ങളുണ്ട് . ഒമാൻ സർക്കാർ നിയമപ്രകാരം കൊറോണ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കാൻ ഇരുവരും ഹോട്ടലിൽ ഏഴ് ദിവസം താമസിച്ചു.
ക്വാറന്റൈൻ കാലയളവ് പൂർത്തിയായതിന് ശേഷം, അവരെ അൽ-ഖദ്രയിലേക്ക് കൊണ്ടുപോയി, അവിടെ ഒരു ബംഗ്ലാദേശ് പൗരൻ അവരെ സ്വീകരിച്ചു . മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ 15 ഓളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഉണ്ടായിരുന്നു . നാല് ദിവസത്തിന് ശേഷം അവരെ സോഹാർ തീരത്തേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അവർ ഇറാനിലെ ബന്ദർ-ഇ-ജാസ്കിൽ പോകാനായി സ്പീഡ് ബോട്ടിൽ കയറി. തുറന്ന ബോട്ടിൽ അഞ്ച് മണിക്കൂർ നീണ്ട യാത്ര .
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ, ഇറാനി പൗരൻ അവരെ കൂട്ടി കൊണ്ടുപോയി, അവിടെ നിന്ന് അവർ ചബഹാർ തുറമുഖത്തേക്ക് യാത്ര തുടർന്നു.’ രണ്ട് ദിവസങ്ങൾക്ക് ശേഷം അവർ പാകിസ്താനിലെ ജിയോണി തീരത്തേയ്ക്ക് വരാൻ യാത്ര തുടങ്ങി . അവിടെ നിന്ന് അവർ കറാച്ചിയിലെ ഒരു ഫാം ഹൗസിൽ എത്തിയതായും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.