തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നത് വൻ വെട്ടിപ്പ്. വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തല്‍. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല.
വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തത്. ചുവരിന് സിമന്‍റ് പൂശാനോ മേല്‍ക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലാത്ത ശോഭന കുമാരി തനിക്കുണ്ടായ ഗതികേട് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെല്ലാം കൃത്യമായി കരമടച്ചിരുന്നു. കഴിഞ്ഞ ദിവസവും കരമടക്കാന്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചതെല്ലാം ശോഭന കാണിച്ചു. പക്ഷേ കോര്‍പ്പറേഷന്‍റെ കണക്കില്‍ ഇതൊന്നുമില്ല. ശോഭനയെപ്പോലെ നിരവധി പേരാണ് നികുതി തട്ടിപ്പില്‍ കുടുങ്ങിയത്.
എല്ലാവര്‍ഷവും പാളയം സാഫല്യം കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലെത്തിയാണ് ജയശങ്കര്‍ വീട്ടുകരം ഒടുക്കിയത്. രസീതുകളും കയ്യിലുണ്ട്. പക്ഷേ അടച്ച പണം കോര്‍പ്പറേഷന് കിട്ടിയില്ലെന്നാണ് പറയുന്നത്. നിരവധി പേരാണ് ഇതുപോലെ, എന്ത് ചെയ്യണമെന്നറിയാതെ പെട്ടുപോയത്. കെട്ടിട നികുതിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇതുവരെ ആറ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലാര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. കൗണ്‍സില്‍ ഹാളിലാണ് പ്രതിഷേധം. നികുതി വെട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി കേന്ദ്രമന്ത്രി വി മുരളീധരന്‍ കൗണ്‍സില്‍ ഹാളിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. ഇതിനിടെ നഗരസഭാ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബിജെപിക്കെതിരെ ഇടതുമുന്നണിയും സമരം പ്രഖ്യാപിച്ചു. നാളെ വാര്‍ഡ് കേന്ദ്രങ്ങളിലാണ് സമരം.