തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസ് കാലവിളംബം വരുത്തിയതിന്റെ പേരിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതിൻ്റെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മരംമുറിക്കേസിന്റെ തുടക്കം മുതൽ കേസ് അന്വേഷണം തടസപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടന്നത്.
പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്പോഴും യഥാർഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് വച്ചിങ്കിലും അത് സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറല്ല. മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനം കണ്‍സർവേറ്റർ എൻ.ടി. സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്.
വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. പിടികൂടിയ തടികളുടെ സാന്പിൾ ശേഖരണം,വനം റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ പരിശോധിക്കുക ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ബാക്കി നിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.
കടത്തിയ മരവുമായി എത്തിയ മരംലോറി ശരിയായ പരിശോധനയില്ലാതെ വിട്ടതിന് സസ്പെൻഷനിലായ ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ടു സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തിരുന്നതായും സുധാകരൻ ആരോപിച്ചു.