മൂന്ന് വർഷം മുമ്പ് നടൻ വിക്രമിന്റെ പേരിലും മോൺസൻ്റെ തട്ടിപ്പ്; മട്ടാഞ്ചേരിക്കാരന് കോടികളുടെ നഷ്ടം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൻ മാവുങ്കൽ നടൻ വിക്രമിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി ആരോപണം. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാൻ വിക്രമിന്റെ ബിനാമിയെന്ന പേരിലാണ് മോൺസൻ ഇവിടെ അവതരിച്ചത്. മൂന്ന് വർഷം മുമ്പായിരുന്നു സംഭവം.

50 കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്നാണ് മോൺസൻ അറിയിച്ചതെന്ന് സ്ഥാപന ഉടമ അബ്ദുൾ സലാം പറയുന്നു. എച്ച്എസ്ബിസി ബാങ്കിൽ പണമുണ്ടെന്ന രേഖ കാണിച്ചാണ് മോൺസൻ സലാമിനെ പറ്റിച്ചത്.

തനിക്ക് അസുഖം വന്നതിനെ തുടർന്ന് സ്ഥാപനം വിൽക്കാൻ തീരുമാനിച്ചിരുന്നു. എറണാകുളത്തെ സുഹൃത്ത് വഴിയാണ് മോൺസൻ കച്ചവടത്തിനായി എത്തിയത്. 50 കോടി രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. നടൻ വിക്രമാണ് ഇതിന് പണമിറക്കുന്നതെന്നും അദ്ദേഹം ഉടൻ വരുമെന്നും പറഞ്ഞിരുന്നു. താൻ വിക്രമിന്റെ ബിനാമിയാണെന്നാണ് പറഞ്ഞിരുന്നതെന്നും സലാം കൂട്ടിച്ചേർത്തു.

ബാങ്കിൽ പണമുണ്ടെന്ന രേഖകൾ കാണിച്ചിരുന്നു. കച്ചവടമായ പശ്ചാത്തലത്തിൽ, സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന 50-ഓളം സ്റ്റാഫിനെ താൻ പറഞ്ഞുവിട്ടു. ടൂറിസം കമ്പനികളുമായും കരാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ഇത് മൂലം തനിക്ക് കോടികളുടെ നഷ്ടമുണ്ടായി’, സലാം പറയുന്നു.