തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായർ (81) അന്തരിച്ചു. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എൻവി ചെല്ലപ്പൻനായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.
എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സിപിനായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവിൽ വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായിരുന്നു. കെ. കരുണാകരൻ, ഇകെ നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികൾ വഹിച്ചു.
ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.