Home National ഡെൽഹിയിലെ പോലീസ് സ്റ്റേഷൻ ആക്രമണം; 53 നൈജീരിയൻ പൗരന്മാർ പോലീസ് അറസ്റ്റിൽ

ഡെൽഹിയിലെ പോലീസ് സ്റ്റേഷൻ ആക്രമണം; 53 നൈജീരിയൻ പൗരന്മാർ പോലീസ് അറസ്റ്റിൽ

0

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 നൈജീരിയൻ പൗരന്മാരെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ദ്വാരക ജില്ലയിലെ മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷനു നേർക്ക് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ വിദേശിസംഘം പോലീസ് സ്റ്റേഷൻ തല്ലിത്തകർക്കുകയായിരുന്നു.

സംഭവത്തിൽ എഎസ്ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. അക്രമികൾ നൈജീരിയയിൽ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. ഒരു നൈജീരിയൻ സ്വദേശിയെ മരിച്ചനിലയിൽ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മൃതദേഹവുമായി എത്തിയ നൈജീരിയസ്വദേശികൾ ആരോപിച്ചു.

ഇക്കാര്യം നിഷേധിച്ച ആശുപത്രി അധികൃതർ, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണ സംഭവിച്ചിരുന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. സുഹൃത്തിന്റെ മരണത്തിൽ ക്ഷുഭിതരായ മറ്റ് നൈജീരിയൻ സ്വദേശികൾ പോലീസ് നടപടിക്രമങ്ങൾ തടയുകയും അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ 50-100 വിദേശപൗരന്മാർ മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷനു പുറത്ത് ഒത്തുചേരുകയും ആക്രമണം നടത്തുകയുമായിരുന്നു. അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് ബാക്കിയുള്ള അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോലീസിനെ ആക്രമിക്കാൻ ദണ്ഡുകളും വടികളുമായാണ് സംഘം എത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here