പുരാവസ്തു തട്ടിപ്പുകേസ്; മുൻ ഡിജിപിയെയും എഡിജിപിയെയും അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കി ചില ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കത്തിൽ ഐപിഎസ് അസോസിയേഷനില്‍ ഭിന്നത

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവിയെയും പൊലീസ് ആസ്ഥാനം എഡിജിപിയെയും പുരാവസ്തു തട്ടിപ്പുകേസിലെ അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കി ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനുള്ള നീക്കത്തിൽ ഐപിഎസ് അസോസിയേഷനില്‍ ഭിന്നത. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കില്‍ ആരോപണവിധേയരായ എല്ലാവരെക്കുറിച്ചും അന്വേഷിക്കണമെന്നാണ് മനോജ് എബ്രഹാം വിരുദ്ധ ചേരിയുടെ ആവശ്യം.

കഴിഞ്ഞദിവസം ഇൻറലിജന്‍സ് റിപ്പോർട്ടിലും ഐജി ലക്ഷ്മണയുടെയും മുൻ ഡി.ഐ.ജി സുരേന്ദ്ര​െൻറയും പങ്ക് അടക്കം അന്വേഷിക്കാനാണ് നിര്‍ദേശിച്ചത്. ഇത് ശരിയല്ലെന്ന നിലപാടിലാണ് ഇവർ. ഭരണതലത്തില്‍ വന്‍ സ്വാധീനമുള്ളവർ നല്ല പിള്ള ചമഞ്ഞ്​ മറ്റുള്ളവരെ സംശയത്തിെൻറ നിഴലില്‍ നിര്‍ത്തുക‍യാണ് ചെയ്യുന്നത്.

മുൻ ഡിജിപിയും പൊലീസ് ആസ്ഥാന എഡിജിപിയും ആരോപണവിധേയരായി നില്‍ക്കുമ്പോള്‍, ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും ഇക്കാര്യത്തില്‍ പുറത്തുള്ള ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടതെന്നും ഇവർ ആവശ്യപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പ്രവാസി വനിത അനിത പുല്ലയിലിൻ്റെ ബന്ധവും മോൻസൻ്റെ തട്ടിപ്പുകളിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണവും മനോജ് എബ്രഹാം വിരുദ്ധചേരി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മോൻസൺ മാവുങ്കൽ അറസ്​റ്റിലായതോടെ ഇയാൾക്ക് തട്ടിപ്പിന് പാറാവൊരുക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കമാരംഭിച്ചു. പരാതിയിൽ പറയുന്ന ഡിഐജി സുരേന്ദ്രൻ, എറണാകുളം മുൻ അസിസ്​റ്റൻറ്​ കമീഷണർ ലാൽജി, മുൻ ചേർത്തല സിഐ അനന്തലാൽ, നോർത്ത് എസ്ഐ അനസ് തുടങ്ങിയവരിൽ ക്രൈംബ്രാഞ്ചിെൻ്റെ പ്രാഥമികാന്വേഷണം ഒതുക്കി. ഇവരിൽ ആർക്കും പ്രശ്നമുണ്ടാകാത്തതരത്തിൽ മുൻ ഡിജിപി ലോക്നാഥ് ​ബഹ്റയെയും ഐജി ലക്ഷ്മണിനെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഐപിഎസ് തലത്തിൽ നടക്കുന്നത്.

മോൻസണിന്‍റെ തട്ടിപ്പുകളെക്കുറിച്ച് രണ്ടുവർഷം മുമ്പുതന്നെ അന്ന്​ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ​ബഹ്റക്ക് അറിയാമായിരുന്നെന്നും ഇതിനെക്കുറിച്ച് തന്നോട് അദ്ദേഹം പറഞ്ഞിരുന്നെന്നും മോൻസണിെൻറ മുൻ സുഹൃത്തും ലോക കേരള സഭാംഗവുമായ അനിത പുല്ലയിൽ കഴിഞ്ഞദിവസം സ്വകാര്യ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞുകൊണ്ടാണ് ​ബഹ്റ മോൻസണിെൻറ കല്ലൂരിലെയും ചേർത്തലയിലെയും വീടുകൾക്ക് പൊലീസ് സംരക്ഷണവും ബീറ്റ് പട്രോളിങ്ങും ഏർപ്പെടുത്തിയതെന്ന ആരോപണം ശക്തമാണ്.

മോൻസണിെൻറ സാമ്പത്തിക തട്ടിപ്പുകളടക്കം അന്വേഷിക്കണമെന്ന് ഇൻറലിജൻസും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ​ബഹ്റക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ല. പകരം ഇഡി അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയതായാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. എന്നാൽ, ഇത്തരത്തിൽ യാതൊരു കത്തും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ ഉന്നതൻ പറഞ്ഞു.

പ്രവാസി ഫെഡറേഷൻ വനിത കോഓഡിനേറ്റർ കൂടിയായ അനിത പുല്ലയിൽ വഴിയാണ് ലോക്നാഥ് ​ ബെഹ്റ അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ മോൻസൺ പരിചയപ്പെട്ടത്​. പ്രവാസി മലയാളി ഫെഡറേഷ‍െൻറ ലേബലും ലോക കേരളസഭയും ഇതിന് തണലായി. വിദേശത്ത് താമസമാക്കിയ അനിത കേരളത്തിലെത്തുമ്പോൾ മോൻസണുമായി പൊലീസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.

ഈ അടുപ്പമാണ് പരാതിക്കാരായ അനൂപിനോടും യാക്കൂബിനോടും ​ ബെഹ്റ ത​ൻ്റെ സ്വന്തം ആളാണെന്ന് മോൻസണെക്കൊണ്ട് പറയിപ്പിച്ചത്. ഒടുവിൽ സ്വകാര്യപ്രശ്നങ്ങളെ തുടർന്ന് അനിതയും മോൻസണും വഴിപിരിഞ്ഞതോടെയാണ് തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്. ഇപ്പോൾ മുഖ്യമന്ത്രിക്ക്​ പരാതിനൽകിയവർക്കും അനിതയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ്​ വിവരം​.