മതസൗഹാർദ്ദത്തിനു വേണ്ടിയും സാമൂഹിക തിന്മകൾക്ക് എതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കും: കെസിബിസി

കൊച്ചി: കേരളത്തിൻ്റെ മതസൗഹാർദ്ദത്തിനു വേണ്ടിയും സാമൂഹിക തിന്മകൾക്ക് എതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി ). കേരളത്തിൻ്റെ മതസൗഹാർദ്ദത്തിനും സാംസ്കാരിക ഉന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യ ശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. “ഞാൻ വന്നിരിക്കുന്നത് ജീവൻ ഉണർന്നിരിക്കുന്ന ജീവൻ ഉണ്ടാകാനും അത് സമർത്ഥമായി ഉണ്ടാകാനും ആണ് -” (യോഹന്നാൻ 10- 10) എന്ന ക്രിസ്തുവിൻ്റെ തിരു വചനം ഉൾകൊണ്ട് സമൂഹത്തിൻ്റെ സമൃദ്ധമായ ജീവനെ ലക്ഷ്യംവച്ച് അജപാലകർ നൽകുന്ന മുന്നറിയിപ്പുകൾ ദുരിതാശ്വാസ പരമായി വ്യാഖ്യാനിച്ചും പർവതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവർത്തിത്തത്തെയും ദുർബലപ്പെടുത്തുന്ന ശൈലികൾ കേരള കത്തോലിക്കാ മെത്രാൻ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹ്യ തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അതിനു മറ്റു നിറങ്ങൾ ചാർത്തി യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണ ളും നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സഭകൾ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമങ്ങളെ കത്തോലിക്കാ മെത്രാൻ സമിതി തള്ളിക്കളയുന്നു. മതാന്തര സംഭാഷണങ്ങളും മതസൗഹാർദ്ദവും കത്തോലിക്കാ സഭയുടെ അടിസ്ഥാന ദർശനങ്ങളായ സത്യം, സ്നേഹം, നീതി എന്നിവയിൽ അധിഷ്ഠിതമാണ്. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് തന്നെയാണ് കേരള കത്തോലിക്കാസഭയുടേത്. മതേതരത്വവും മതസൗഹാർദ്ദവും ഇവിടെ പുലരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് കെസിബിസി വ്യക്തമാക്കി.സാമൂഹ്യതിന്മകൾക്കെതിരെ പോരാട്ടത്തിൽ ഇതര സമൂഹങ്ങളോടൊപ്പം തുടർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ക്രിസ്തുവിൻ്റെ മനോഭാവത്തോടെ സർവരേയും ആദരവോടെ കരുതാൻ എല്ലാവരും ശ്രമിക്കണമെന്ന് സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നതായി കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കപള്ളി അറിയിച്ചു.