തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ വഴി നടത്താൻ മന്ത്രിസഭ അനുമതി നല്കി.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പറേഷന് വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരം ശേഖരിക്കാൻ 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്കി.
സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ മുന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. ഇതിന് വിജ്ഞാപനം ഇറക്കിയതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയായിരുന്ന കെ. ശശിധരന് നായര്‍ അധ്യക്ഷനായ സമിതിയെയും നിശ്ചയിച്ചു.
സമിതിയുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് സർവേ.നാലുലക്ഷം രൂപയോ അതില്‍താഴെയോ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളത്.
കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കില്‍ രണ്ടര ഏക്കറിലും മുനിസിപ്പല്‍ പ്രദേശങ്ങളിൽ 75 സെൻറിലും കോർപറേഷനിൽ 50 സെൻറിലും കൂടാന്‍ പാടില്ല. 160ലേറെ മുന്നാക്ക സമുദായങ്ങളെയാണ് സാമ്പത്തിക സംവരണത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.