കിണർ കുഴിക്കാനും സെപ്‌റ്റിക് ടാങ്ക്‌ നിർമ്മിക്കാനും അനുമതി വേണമെന്ന്‌ എത്രപേർക്കറിയാമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കിണർ കുഴിക്കാനും സെപ്‌റ്റിക് ടാങ്ക്‌ നിർമ്മിക്കാനും അനുമതി വേണമെന്ന്‌ എത്രപേർക്കറിയാമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ. അതിനൊന്നും അനുമതി ആവശ്യമില്ലെന്നാണ്‌ പലരുടേയും ധാരണ. അവയ്‌ക്കുവേണ്ടിയുള്ള ചട്ടങ്ങളെ കുറിച്ച് എഫ്‌ ബി പോസ്‌റ്റിലാണ്‌ മന്ത്രി വ്യക്‌തമാക്കിയത്‌.

പോസ്‌റ്റ്‌ ചുവടെ കിണർ കുഴിക്കാനും സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനും അനുമതിയൊന്നും ആവശ്യമില്ലെന്നാണ്‌ പലരുടെയും ധാരണ.എന്നാൽ, അനുമതി ആവശ്യമാണ്.

കിണര്‍ കുഴിക്കുന്നതിന്‌ ലഭ്യമാക്കേണ്ട അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചട്ടം 75 ല്‍ പ്രതിപാദിക്കുന്നുണ്ട്.സെപ്‌റ്റിക്‌ ടാങ്ക് നിർമ്മാണത്തിന് ചട്ടം 79(4) അനുസരിച്ച്‌ ഏക കുടുംബ വാസഗൃഹങ്ങള്‍ക്ക്‌ പ്ലോട്ട്‌ അതിരില്‍ നിന്നും 30 സെന്റീമീറ്റര്‍ അകലത്തിലും മറ്റു നിര്‍മ്മാണങ്ങള്‍ക്ക്‌ പ്ലോട്ട്‌ അതിരില്‍ നിന്നും 12 മീറ്റര്‍ അകലത്തിലും സെപ്‌റ്റിക്‌ ടാങ്ക്‌ നിര്‍മ്മിക്കാവുന്നതാണ്‌.

പക്ഷേ, ചട്ടം 23(1) പ്രകാരം നോട്ടിഫൈഡ് റോഡിനോടോ 6 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള അൺ നോട്ടിഫൈഡ് റോഡിനോടോ ചേര്‍ന്ന്‌ വരുന്ന പ്ലോട്ട്‌ അതിര്‍ത്തിയില്‍ നിന്നും 3 മീറ്റര്‍ അകലം വിട്ടു മാത്രമേ ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ പാടുള്ളൂ. ഇതൊക്കെ ശ്രദ്ധിച്ച് നമുക്ക് നിർമ്മാണം നടത്താം.