ദോഹ: സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തി ഇന്ത്യക്കും ഖത്തറിനുമിടയിലെ സൗഹൃദ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം ശക്തികളെ കരുതിയിരിക്കണമെന്നും അവരുടെ വലയിൽ വീഴരുതെന്നും എംബസി അറിയിച്ചു. ട്വിറ്റെർ അക്കൗണ്ടിൽ അറബിയിൽ നടത്തിയ ട്വീറ്റിലാണ് എംബസ്സി ഇക്കര്യം പറഞ്ഞത്.
“ഇന്ത്യയെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഖത്തറും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനും വിദ്വേഷം പരത്താനും സമൂഹ മാധ്യമങ്ങളിൽ നീചമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വ്യാജ അക്കൗണ്ടുകളും തെറ്റായ പ്രചാരണങ്ങളും കെട്ടിച്ചമച്ച വിഡിയോകളും വിശ്വസിക്കരുത്,” എംബസി ട്വീറ്റ് ചെയ്തു.
എല്ലാ ഇന്ത്യക്കാരും ഐക്യവും സമാധാനവും നിലനിർത്തണമെന്നും എംബസി അഭ്യർത്ഥിച്ചു. ഇംഗ്ലീഷിലും എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.