പോത്തുകളിലെ ഭീമന്‍; 21 കോടി വില പറഞ്ഞ സുല്‍ത്താന്‍ ജോട്ടെ ചത്തു

കര്‍ണാല്‍: പോത്തുകളിലെ ഭീമനായി അറിയപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത സുല്‍ത്താന്‍ ജോട്ടെ ചത്തു. ശരീരത്തിന്റെ വലിപ്പവും ഭംഗിയും കൊണ്ടാണ് ഹരിയാനയിലെ കൈത്തലില്‍ നിന്നുള്ള ഈ പോത്ത് ലോക പ്രശസ്തമായത്. ഹൃദയാഘാതം ആണ് സുല്‍ത്താന്റെ മരണത്തിനിടയാക്കിയത്.

കൈത്തലിലെ നരേഷ് ബെന്‍വാളിന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ സംസ്ഥാനത്തെ കന്നുകാലി മേളകളുടെ അഭിമാനമായിരുന്നു. എണ്ണമയമുള്ള കറുത്ത ശരീരം, തിളങ്ങുന്ന കണ്ണുകളും അതിനൊത്ത വലിപ്പവുള്ള സുല്‍ത്താന്‍ ഒരു യഥാര്‍ത്ഥ സെലിബ്രിറ്റിയായിരുന്നു. നിരവധി ആരാധകരും ഇവന് ഉണ്ടായിരുന്നു.

21 കോടിയോളം മോഹവില പറഞ്ഞ സുല്‍ത്താനെ വില്‍ക്കാന്‍ നരേഷ് തയ്യാറായിരുന്നില്ല. മുറേ ഇനത്തില്‍പ്പെട്ട സുല്‍ത്താന്‍ ഒരു സാധാരണ പോത്തല്ല. 1200 കിലോ തൂക്കവും 6 അടി നീളവുമുണ്ടായിരുന്ന സുല്‍ത്താന്റെ ഭക്ഷണ ശീലങ്ങള്‍ക്കുമുണ്ടായിരുന്നു പ്രത്യേകത.

ദിവസവും 15 കിലോ ആപ്പിളും 20 കിലോഗ്രാം കാരറ്റും കഴിച്ചിരുന്നു. ഇതിന് പുറമെ നെയ്യ്, പാല് എന്നിവയും കിലോ കണക്കിന് പച്ചിലയും വയ്‌ക്കോലും സുല്‍ത്താന്‍ അകത്താക്കിയിരുന്നു. വൈകുന്നേരം ആയാല്‍ വീര്യം കുറഞ്ഞ അല്പം മദ്യവും ഇവന്റെ ശീലങ്ങളിലൊന്നായിരുന്നു. സുല്‍ത്താനെപ്പോലെ മറ്റാരുമുണ്ടാകില്ലെന്ന് ഉടമ നരേഷ് പറയുന്നു.

2013 -ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ നടന്ന ദേശീയ മൃഗ സൗന്ദര്യമത്സരത്തിലെ ദേശീയ ജേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍. പലരും സുല്‍ത്താന് മോഹവില പറഞ്ഞ് നരേഷിനെ സമീപിച്ചെങ്കിലും സ്വന്തം മകന് തുല്യമാണ് സുല്‍ത്താനെന്നായിരുന്നു നരേഷിന്റെ നിലപാട്.

സുല്‍ത്താന്റെ ലോക പ്രശസ്തനായതോടെ ഇവന്റെ ബീജത്തിനും ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. ഇതിലൂടെ ഓരോ വര്‍ഷവും 90 ലക്ഷത്തിലധികം രൂപ ഉടമയ്ക്ക് ലഭിച്ചിരുന്നു.