കാസര്‍കോട്: ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ ഒരാള്‍ പിടിയില്‍. ചെറുപുഴ സ്വദേശി പ്രസാദ് കെ ആര്‍ ആണ് പണവുമായി വിജിലന്‍സിന്റെ പിടിയിലായത്. കാഞ്ഞങ്ങാടാണ് സംഭവം.
ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്ന് ഡ്രൈവിംഗ് സ്കൂള്‍ ഏജന്‍റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് പണം പിരിച്ചത്. ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി.
ഏജന്‍റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ടെസ്റ്റിന് ടോക്കണ്‍ നല്‍കിയിരുന്നത്. ആഴ്ചയില്‍ നാലു ദിവസം ഇത്തരത്തില്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസന്‍സ് അപേക്ഷയടക്കം ഓണ്‍ലൈന്‍ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരും, ഏജന്‍റുമാരും ചേര്‍ന്നുള്ള ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.