കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിയുടെ പേരിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിശങ്കറയെും എന്‍സി മോഹനനെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും പാർട്ടി തീരുമാനിച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പെരുമ്പാവൂർ, കൂത്താട്ടുകുളം നിയോജകമണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ തോൽവിക്ക് കാരണമായെന്ന പാർട്ടി അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിൽ നിരവധി സിപിഎം നേതാക്കൾക്കെതിരേ കടുത്ത അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്.
സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത യോഗത്തിലാണ് അച്ചടക്ക നടപടിക്ക് തീരുമാനം. തെരഞ്ഞെടുപ്പിലെ വീഴ്ച മുന്‍നിര്‍ത്തി നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
നേതാക്കള്‍ക്കെതിരെയെടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച സംസ്ഥാന നേതൃത്വം നടപടി അംഗീകരിച്ചില്ല. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പരാജയത്തില്‍ നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. കെ.ഡി.വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തു.
സി.കെ.മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തിയിരുന്നു. നേരത്തേ സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ.ജേക്കബ്, സി.എം.ദിനേശ് മണി, പി.എം.ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ജില്ല കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചുവെന്ന് ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അറിയിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.സി. മോഹനൻ, സി.കെ. മണിശങ്കർ, പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ സി.എൻ. സുന്ദരൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഡി. വിൻസെൻറ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പിഎം സലീം, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ഐ. ബീരാസ്, സാജു പോൾ, ആർ.എം. രാമചന്ദ്രൻ, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലെ പാർട്ടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ.വി. മോഹൻ എന്നിവരെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുവാനും തീരുമാനിച്ചു.