തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ -ഗതാഗത മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.വൈകിട്ട് അഞ്ച് മണിക്കാണ് ചര്‍ച്ച നടക്കുക്ക.
വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണസഷന്‍ നിരക്കിനെക്കുറിച്ചും പല സ്‌കൂളുകളില്‍ നിന്ന് നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പിലെയും ഗതാഗത വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ സ്വീകരിക്കേണ്ട കൊറോണ പ്രോട്ടോക്കോളും നിര്‍ദേശങ്ങളും അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. പല സ്‌കൂളുകളിലെയും ബസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ്. കൊറോണ മാനദണ്ഡ പ്രകാരം ഒരു സീറ്റില്‍ ഒരു കുട്ടി എന്ന രീതിയിലാണ് സ്‌കൂള്‍ ബസിലെ ക്രമീകരണം. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത അവസ്ഥയാണ്.
ബസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് സ്‌കൂളുകള്‍. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ സ്‌കൂളുകള്‍ ആവശ്യപ്പെടുന്നത്. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു.
നംബര്‍ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്തമാസം ഇരുപതിനകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുക. ഇതിനാല്‍ സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഇതിനൊപ്പം സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസുകളും തുടരും.