പരോള്‍ തടവുപുള്ളികളുടെ മടക്കം; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പരോൾ ലഭിച്ചവർക്ക്  ജയിലിലേക്ക് മടങ്ങാൻ നൽകിയ നിര്‍ദേശത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബുധനാഴ്ച കാലത്ത് 10.30 ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

കൊറോണ വ്യാപന സമയത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുപുള്ളികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ എങ്ങനെയാണ് തടവുപുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇന്നലെ ആയിരുന്നു തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടിയിരുന്നത്. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തടവുകാരനായ ആലപ്പുഴ സ്വദേശി ഡോള്‍ഫി ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡോള്‍ഫിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു, അഭിഭാഷകരായ സുബാഷ് ചന്ദ്രന്‍, സായൂജ് മോഹന്‍ ദാസ്, കവിത സുബാഷ് എന്നിവരാണ് ഹാജരായത്.

കേരളത്തിലെ കൊറോണ വ്യാപനം കണക്കിലെടുത്ത്  ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്തിന്റെ പരോള്‍  ഒക്ടോബര്‍ 31 വരെ നീട്ടിനല്‍കാന്‍ ബന്ധപ്പെട്ട അധികാരികളോട് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ കൊറോണ സാഹചര്യം കണക്കിലെടുത്തതാണ് നിര്‍ദേശമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.