ന്യൂഡെൽഹി: അനിശ്ചിതത്വത്തിന് വിരാമമിട്ട് സിപിഐ നേതാവും ഡെൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറും ഗുജറാത്തിലെ എംഎൽഎയും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് നേതാവുമായ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസിൽ ചേരും. ഇതിന് മുന്നോടിയായി കനയ്യകുമാർ സിപിഐ ബന്ധം വിഛേദിച്ചിട്ടുണ്ട്.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ ഇന്ന് വൈകുന്നേരം മൂന്നിന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.
സിപിഐയുടെ ഉന്നതാധികാര സമിതിയായ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗവും ബിഹാറിലെ സിപിഐയുടെ സ്ഥാനാർഥിയുമായ കനയ്യ കുമാറിന്റെ പാർട്ടി മാറ്റം സിപിഐക്കു തിരിച്ചടിയാകും. കനയ്യ പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരുമെന്ന വാർത്തകൾ സിപിഐ നേതൃത്വം തള്ളിയിരുന്നു.
ജോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുഷ്മിത ദേവ് തുടങ്ങിയവർ പാർട്ടി വിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണു കനയ്യയെയും ജിഗ്നേഷിനെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്.
ജെഎൻയുവിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു വലിയ വാർത്തയായിരുന്നു. ബിഹാറിലെ കോണ്‍ഗ്രസിന്റെ പുതുമുഖമായി കനയ്യയെ അവതരിപ്പിക്കാനാണു സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതുതന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ പേരെ കോണ്‍ഗ്രസിലേക്കു കൊണ്ടുവരാനും ശ്രമങ്ങളുണ്ട്.