Home Covid-19 ഇന്ത്യയിൽ കൊറോണ കേസുകളില്‍ വൻകുറവ് ; 18,795 പുതിയ കേസുകള്‍ ; 201 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

ഇന്ത്യയിൽ കൊറോണ കേസുകളില്‍ വൻകുറവ് ; 18,795 പുതിയ കേസുകള്‍ ; 201 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

0

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് ഇരുപതിനായിരത്തില്‍ താഴെ കൊറോണ കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 18,795 കൊറോണ കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 201 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്തെ കൊറോണ കേസുകള്‍ ഇരുപതിനായത്തില്‍ താഴെയെത്തുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,36,97,581ആയി ഉയര്‍ന്നു.

മൂന്നു ലക്ഷത്തില്‍ താഴെയാണ് സജീവ കേസുകളുടെ എണ്ണമെന്നതും ആശ്വസകരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.81 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 2.92 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 192 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.

രാജ്യത്ത് പുതിയതായി 179 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 276 മരണങ്ങളില്‍ നിന്ന് വലിയ കുറവാണ് മരണ സംഖ്യയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,47,373 ആയി ഉയര്‍ന്നു. കേരളത്തില്‍ 58 പേര്‍ കൊറോണ ബാധിച്ച് മരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഇത് 32 ആണ്.

അതേസമയം വാക്‌സിന്‍ വിതരണത്തില്‍ തിങ്കളാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. 1.02 കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. രാജ്യത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 87 കോടി കവിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here