പത്ത് സതീശന്മാര്‍ വിചാരിച്ചാലും നിലപാട് മാറ്റില്ല; സുധീരന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതായി സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി ഡി സതീശന്‍ പറഞ്ഞു. ‘ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പത്ത് സതീശന്മാര്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘സുധീരന്റെ നിലപാടുകള്‍ എന്നേക്കാള്‍ നന്നായിട്ട് നിങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം,’ സതീശന്‍ പറഞ്ഞു.

താന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ലെന്നും എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധീരന്‍ വ്യക്തമാക്കിയെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. ശനിയാഴ്ച രാവിലെയാണ് കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് സുധീരന്‍ നേതൃത്വത്തിന് കൈമാറിയത്.