സ്വർണക്കടയിലെ മോഷണം; തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പിയും ചെക്ക്പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളും

കൊല്ലം: കായംകുളത്തെ സ്വർണക്കടയിൽ മോഷണം നടത്തി മുങ്ങിയ തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത് കുടിവെള്ളക്കുപ്പി. മോഷണശേഷം സംഘം കാർ നിർത്തി വിശ്രമിച്ചസ്ഥലത്ത് ഉപേക്ഷിച്ച കുടിവെള്ളക്കുപ്പിയാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ഇതിനൊപ്പം ചെക്ക്പോസ്റ്റിലെ സിസിടിവിയിൽനിന്നു മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റുമാത്രം മുൻപു വീണ്ടെടുക്കാൻ കഴിഞ്ഞ ദൃശ്യങ്ങളും പോലീസിനെ തുണച്ചു.

കായംകുളത്ത് മോഷണം നടത്തിയ സംഘം രക്ഷപ്പെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പിന്തുടർന്ന കൊല്ലം ബൈപ്പാസിനടുത്തു മങ്ങാട്ട് പാലത്തിനുസമീപം ഇതര സംസ്ഥാന ലോറിക്കാർ താമസിക്കുന്ന കേന്ദ്രത്തിലാണ് പോലീസെത്തിയത്. കാർ അവിടെയെത്തിയെങ്കിലും യാത്രക്കാർ അവിടെ മുറിയെടുത്തിരുന്നില്ല. പകരം കാർ പുറത്ത് നിർത്തിയിട്ടശേഷം അതിൽതന്നെ വിശ്രമിച്ചു.

പോലീസ് വിശദമായി പരിശോധിച്ചപ്പോൾ തമിഴ്‌നാട്ടിൽ വിൽപ്പനയുള്ള കുടിവെള്ളത്തിന്റെ കുപ്പി കിട്ടി. അവിടെ കാർ നിർത്തിയിട്ടിരുന്നവർ തമിഴാണു സംസാരിച്ചതെന്ന വിവരവും ഇതിനൊപ്പം പോലീസ് ശേഖരിച്ചു. ഇതോടെയാണു തമിഴ്‌നാട്ടുകാരാണ് പ്രതികളെന്ന് ഉറപ്പിച്ചത്. പ്രതികൾ യാത്രചെയ്തകാറിനു കേരളത്തിലെ രജിസ്‌ട്രേഷൻ നമ്പരായിരുന്നു.

രജിസ്‌ട്രേഷൻ നമ്പർ വ്യാജമാണെന്ന്‌ പോലീസ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. കായംകുളത്തെ മോഷണത്തിനുശേഷം തിരുവനന്തപുരം നഗരത്തിലേക്കാണു പ്രതികൾ പോയത്. അവിടെ നഗരം ചുറ്റിയശേഷം കവടിയാർ, പേരൂർക്കട, നെടുമങ്ങാട്, പാലോട്, കുളത്തുപ്പുഴ വഴിയാണ് ആര്യങ്കാവിലെത്തുന്നത്. കായംകുളത്തുനിന്ന്‌ കെപി റോഡിലൂടെ ആര്യങ്കാവിൽ എത്തിച്ചേരാമെങ്കിലും പോലീസിനെ കബളിപ്പിക്കാനായിരുന്നു തിരുവനന്തപുരംവഴി കാർ ഓടിച്ചുപോയത്.

ആര്യങ്കാവിൽ തമിഴ്നാട് പോലീസിന്റെ ചെക്ക് പോസ്റ്റിൽ 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വരെയെ സൂക്ഷിച്ചുവെക്കുകയുള്ളു.പോലീസ് സംഘം ഈ ദൃശ്യങ്ങൾ പിന്നിലേക്കു പരിശോധിച്ചപ്പോൾ കായംകുളത്തുനിന്നു പോയ കാറിൽ പോണ്ടിച്ചേരി രജിസ്ട്രഷൻ നമ്പർ വെച്ചിരിക്കുന്നതു കാണൻ കഴിഞ്ഞു. മൂന്നുമിനിറ്റിനുശേഷം ഈ ദൃശ്യങ്ങൾ സെർവറിൽനിന്നു താനേ മാഞ്ഞുപോകുമായിരുന്നെന്ന് അവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അവിടെയെത്താൻ നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ കാറിന്റെ നമ്പർ മാറ്റിയതു തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതോടെ പ്രതികളിലേക്ക് എത്താനുള്ള പ്രധാന വഴിയും അടഞ്ഞേനെ. തമിഴ്‌നാട്ടിലെത്തിയപ്പോൾ കാറിന്റെ യഥാർഥ നമ്പർ പ്ലേറ്റാണ് പ്രതികൾ വച്ചത്. ഇതിലൂടെ കാർ ഉടമയെ വേഗം തിരിച്ചറിയാൻ കഴിഞ്ഞു. ഇത് പ്രതികളുടെ ബന്ധുവിന്റെ കാറായിരുന്നു. അങ്ങനെ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പർ കിട്ടി. പിന്നീടുള്ള അന്വേഷണം വേഗത്തിൽ നടന്നു.

മോഷ്ടാക്കളിൽ ഒരാളെ തമിഴ്‌നാട്ടിലെ കടലൂരിൽനിന്നു പിടികൂടുന്നത്. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള സംഘ മാണ് കേസ് അന്വേഷിച്ചത്. സൈബർ വിദഗ്‌ധൻ എഎസ്ഐ സുധീറാണ് അന്വേഷണത്തിനുവേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയത്.