ഗുലാബ് ചുഴലികാറ്റ് ഇന്ന് തീരംതൊടും; കേരളത്തിലും മഴ ശക്തമാകും

ന്യൂഡെൽഹി: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ​ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ​ഗോപാൽപൂരിനും ഇടയിൽ കര തൊടാനാണ് സാധ്യത. ഒഡീഷയും ആന്ധ്രാ പ്രദേശും കനത്ത ജാ​ഗ്രതയിലാണ്. 65 മുതൽ 85 വരെ വേ​ഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു.

ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.

കേരളത്തിലും മഴ വ്യാപകമാകും. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂരൊഴിച്ച് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള എട്ടുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ടൗട്ടെ, യാസിൻ ചുഴലിക്കാറ്റുകൾക്കു ശേഷം ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്. പാകിസ്ഥാനാണ് ഗുലാബ് എന്ന പേര് നിര്‍ദേശിച്ചത്.