കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല; കാലിലെ കെട്ടിൽ ദുരൂഹത; 13 കാരൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണം

കട്ടപ്പന: വീടിന്റെ ടെറസില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ 13കാരനെ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം. കുട്ടിയുടെ കഴുത്തില്‍ കയര്‍ അബദ്ധത്തില്‍ കുടുങ്ങിയതല്ലെന്നും കയറില്‍ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തല്‍. കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബിഎസ് ബിനു പറഞ്ഞു.

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡിനെയാണ് കഴിഞ്ഞ ദിവസം കയര്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലില്‍ കയര്‍ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കും. ഇവിടെ നിന്ന് ഒരു ദുപ്പട്ടയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജെറോള്‍ഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു.