മനുഷ്യക്കടത്ത്: സംശയാസ്പദമായി കണ്ട ലക്ഷദ്വീപ് മത്സ്യബന്ധന ബോട്ട് പിടികൂടി

കായംകുളം: സംശയാസ്പദമായി കണ്ട ലക്ഷദ്വീപ് മത്സ്യബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസാണ് വട്ടച്ചാല്‍ തീരത്തുനിന്ന്​ 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍നിന്നും ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗര്‍കോവില്‍ ക്യൂ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ കേരളത്തിലേക്ക് നല്‍കിയ സന്ദേശം തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ. മണിലാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്ന വാട്സ്​ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറിയിരുന്നു.

സംശയകരമായി ബോട്ടുകള്‍ കണ്ടാല്‍ അറിയിക്കണം എന്നായിരുന്നു നിര്‍ദേശം. മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ നല്‍കിയ വിവരത്തി​ന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ 9.15ഓടെ തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് എ.എസ്.ഐമാരായ ആര്‍. സജീവ് കുമാര്‍, കെ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം ആഴക്കടലില്‍ പോയി ബോട്ട് പിടിച്ചെടുത്തത്.

മത്സ്യബന്ധനത്തിന് മറൈന്‍ വകുപ്പ് നല്‍കുന്ന പെര്‍മിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടില്‍ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യത്തൊഴിലാളികള്‍ കണ്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

മൂന്ന് കന്യാകുമാരി സ്വദേശികളും പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കൊച്ചിയില്‍നിന്നും തമിഴ്നാട്ടിലെ തേങ്ങാ പട്ടണത്തേക്ക് മത്സ്യബന്ധന സാമഗ്രികള്‍ കയറ്റാന്‍ പോവുകയാണെന്നായിരുന്നു തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്.

ലക്ഷദ്വീപ് സ്വദേശി ഇബ്നു സിയാദി​ന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്. കോസ്റ്റല്‍ പൊലീസ് എസ്.ഐ എ. മണിലാല്‍ ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ബോട്ട് പിടികൂടി വലിയഴീക്കല്‍ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വിവിധ അന്വേഷണ സംഘങ്ങള്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ബോട്ടില്‍നിന്നും സംശയകരമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. യഥാര്‍ഥ രേഖകളുമായി എത്താന്‍ ഉടമസ്ഥനോട് ഫോണില്‍ പൊലീസ് ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകള്‍ രൂപമാറ്റം വരുത്തി മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കടലിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് എസ്.ഐ എ. മണിലാല്‍ പറഞ്ഞു. കോസ്റ്റല്‍ ഗാര്‍ഡുമാരായ വിജിത്ത്, മണിലാല്‍ സ്രാങ്കുമാരായ ഇഗ്നേഷ്, ഷൈജു, ലാസ്കര്‍ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.