ജയ്പൂർ: അദ്ധ്യാപക യോഗ്യതാ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ചയാണ് രാജസ്ഥാനില്‍ പരീക്ഷ നടത്തിയത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പരീക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
അറസ്റ്റിലായവരിൽ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി എത്തിയവരും മറ്റ് രണ്ടുപേര്‍ പരീക്ഷ എഴുതുന്നവരെ സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞു. രാജസ്ഥാന്‍ എലിജിബിളിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (REET) പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്. എന്നാല്‍ പരൂക്ഷയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനവും എസ്എംഎസ് സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു.
സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ റീറ്റ് പരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.