തിരുവനന്തപുരം: കർഷകസമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ നാളെ(തിങ്കളാഴ്ച) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലിന് സമാനമാകും. ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം അടഞ്ഞ് കിടന്നേക്കും. രാവിലെ ആറ് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് ബന്ദ്.
രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യം ഓഫീസുകളും തിങ്കളാഴ്ച അടഞ്ഞ കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുപരിപാടികൾ, മറ്റ് ചടങ്ങുകൾ എന്നിവ ഉണ്ടാകില്ല. അതേസമയം, പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് സർവീസുകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കി.
ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
ഹർത്താലിൻ്റെ പശ്ചാത്തലത്തിൽ തീങ്കളാഴ്ച സാധാരണ സർവീസുകൾ ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ദീർഘദൂര സർവീസുകൾ അടക്കമുള്ള എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിക്കും.
അതേസമയം, ആവശ്യ സർവീസുകൾ വേണ്ടിവന്നാൽ മാത്രം പോലീസിൻ്റെ നിർദേശപ്രകാരവും ആവശ്യം പരിഗണിച്ചും നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. പോലീസ് സുരക്ഷയോടെ റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ മാത്രമാകും ഇത്തരം സർവീസുകൾ ഉണ്ടാകുക.