ആലുവ: മലയാള റേഡിയോ പ്രക്ഷേപണ ചരിത്ര ഘട്ടങ്ങളിൽ പങ്കാളിയായ മുതിർന്ന പ്രക്ഷേപകൻ പി പുരുഷോത്തമൻ നായർ (96) അന്തരിച്ചു. രാവിലെ കാലടി മാണിക്യമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം.
നെടുമ്പാശ്ശേരി നായത്തോട് സ്വദേശിയായ പുരുഷോത്തമൻ നായർ ആകാശവാണി കേരളത്തിലെത്തും മുൻപ് മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നിയമ ബിരുദധാരിയാണ്.
മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്, അന്ന് അവിടെ നിയമം പഠിക്കാൻ എറണാകുളത്തു നിന്ന് പോയ ഇദ്ദേഹം 1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ, അവിടെ പ്രോഗ്രാം അസിസ്റ്റന്റായി. തുടർന്ന്, തിരുവനന്തപുരം, ഇൻഡോർ, പോർട്ട് ബ്ലയർ, ഗോവ , ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ, സ്റ്റേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ 33 വർഷം നീണ്ട സംഭവ ബഹുലമായ ഔദ്യോഗികജീവിതം.
കഥാകൃത്തും ഗ്രന്ഥകാരനുമായി എഴുത്തിന്റെ ലോകത്തും മായാത്ത വ്യക്തി മുദ്രപതിപ്പിച്ചു, അദ്ദേഹം. നായത്തോട് സ്വദേശിയും സ്കൂളിൽ അമ്മയുടെ സഹപാഠിയുമായിരുന്ന മഹാകവി ജി. ശങ്കരക്കുറുപ്പ് മഹാരാജാസ് കോളേജിൽ മലയാളം പണ്ഡിറ്റായി ജോലി നോക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം നഗരത്തിൽ താമസിച്ചുകൊണ്ടായിരുന്നു, പുരുഷോത്തമൻ നായർ അവിടെ ബിരുദത്തിനു പഠിച്ചത്. പിന്നെ, നിയമം പഠിക്കാൻ മദിരാശിയിലെത്തി.
ജി. പി. എസ് നായർ തുടക്കമിട്ട്, കെ. പത്മനാഭൻ നായരുടെ നേതൃത്വത്തിൽ മുന്നേറിയ മദിരാശി ആകാശവാണി നിലയത്തിലെ മലയാളം പരിപാടികളിൽ പങ്കെടുക്കാൻ പുരുഷോത്തമൻ നായർക്ക് അവസരം ലഭിച്ചു:നാടക രചനയും, അതിൽ ശബ്ദം നൽകലും . ഇത് വലിയ വഴിത്തിരിവായി. നിയമബിരുദം നേടി, കൊച്ചിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുതുടങ്ങിയപ്പോഴായിരുന്നു, കോഴിക്കോട്ട് കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയത്തിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. റേഡിയോ ബന്ധം കാരണമായിരിക്കാം നിയമനം ലഭിച്ചു. 1950 മെയ് 17ന് , പി. പുരുഷോത്തമൻ നായർ ജോലിയിൽ പ്രവേശിച്ചു.
കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ ചുമതലയായിരുന്നു പുരുഷോത്തമൻ നായരെ ഏൽപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് ‘ബാലലോകം’, ഞായറാഴ്ച രാവിലെ 8. 30ന് ‘ബാലരംഗം’. പിന്നെ കവിതാപാരായണം, കഥ, സ്ത്രീകൾക്കായുള്ള ‘മഹിളാലയം’ പരിപാടി എന്നിവയുടേയും ചുമതലകൾ . എല്ലാം തത്സമയമാണ്. ഇടയ്ക്കിടെ രൂപകങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങിയവയിലെല്ലാം നിലയാംഗങ്ങൾ പങ്കെടുക്കണം.
നാടകപരിപാടികളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. അന്ന് പ്രക്ഷേപണത്തിൽ വലിയ പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു. പി. വി. കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കേ, നാടകപ്രക്ഷേപണത്തെ സ്റ്റുഡിയോയുടെ പുറത്തേക്ക് കൊണ്ടുപോയി. ടൌൺഹാൾ ഉൾപ്പെയുള്ള പൊതുവേദികളിൽ നാടകം അവതരിപ്പിച്ച്, അവ തത്സമയം പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.