തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതിന് അദാനി ഗ്രൂപ് നിരത്തുന്ന ന്യായവാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി വൈകിയത് അദാനി ഗ്രൂപ് പറയുന്നതുപോലെ പ്രകൃതിക്ഷോഭം കാരണമല്ല. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടെന്നും ആര്‍ബിട്രല്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നല്കിയ എതിര്‍വാദത്തില്‍ പറയുന്നു.
പ്രകൃതിക്ഷോഭവും പാറക്ഷാമവും കൊറോണയും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതുമാണ് വൈകുന്നതിന് അദാനി ഗ്രൂപ് നിരത്തിയ ന്യായങ്ങള്‍. മന്ത്രിയുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും കമ്പനി ഇതേ കാരണങ്ങള്‍ നിരത്തി. ഇതിന് അക്കമിട്ടുള്ള മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ നല്‍കിയത്.
പദ്ധതി പ്രദേശത്ത് ഓഖി സൃഷ്ടിച്ച കെടുതികള്‍ ചൂണ്ടിക്കാണിച്ച് നിര്‍മാണ കാലാവധി നീട്ടി നല്‍കണമെന്ന വാദം സര്‍ക്കാര്‍ തള്ളി. അദാനി ഗ്രൂപ്പിന്റെ വാദങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളില്ല. സ്വതന്ത്ര എന്‍ജിനീയറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുറമുഖ പദ്ധതി പ്രദേശങ്ങളില്‍ ചുഴലിക്കാറ്റും ശക്തമായ തിരയടിയുമെല്ലാം ഉണ്ടാകും. അത് പ്രതിരോധിക്കുന്ന രീതിയിലാണ് പുലിമുട്ട് നിര്‍മിക്കേണ്ടത്.
പദ്ധതിക്കുവേണ്ട 360 ഏക്കറില്‍ 97 ശതമാനം ഭൂമിയും കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയിലുള്ള റിസോര്‍ട്ടും കുരിശടിയും മാറ്റുന്നതില്‍ പ്രതിഷേധമുണ്ട്. ഈ സ്ഥലം ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനത്തിന് ആവശ്യമല്ല. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. പുലിമുട്ട് നിര്‍മാണത്തിന് കല്ല് കൊണ്ടുവരേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.