തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇനി മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്. ഇന്നു ചേര്‍ന്ന കൊറോണ അവലോകന യോഗത്തിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത് വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. എസി പാടില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും തൊഴിലാളികളും രണ്ടു ഡോസ് വാക്സീൻ എടുത്തവരാകണം. ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു കൊറോണ രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കൊറോണ കേസുകളുടെ വർധനയിൽ അഞ്ചുശതമാനം കുറവുണ്ടായി. കൊറോണ ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 8 ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കൊറോണ രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ പകുതിയും വാക്സീൻ എടുക്കാത്തവരാണ്. മരിക്കുന്നവരിൽ 57.6 ശതമാനം പേരും വാക്സീൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്.