കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ വക്താവ് പ്രഖ്യാപിച്ചതിന് പിന്നാലെ നഗര മധ്യത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തിലാണ് മൃതദേഹം കെട്ടിത്തൂക്കിയത്. പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത് സിറ്റിയിലായിരുന്നു സംഭവം.
നഗരത്തിലേക്ക് നാല് മൃതദേഹങ്ങളാണ് താലിബാന്‍ കൊണ്ടു വന്നത്. ഒരു മൃതദേഹം നഗര മധ്യത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കിയപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷി സിദ്ദീഖി പറയുന്നു. തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായാണ് നാലുപേരെയും വധിച്ചതെന്നാണ് വിവരം. വധശിക്ഷ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് താലിബാന്‍ ഭീകരർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ ദീകരരുടെ വക്താവും ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലു പേരുടെയും വധശിക്ഷ താലിബാന്‍ ഭീകരർ നടപ്പാക്കിയത്.
താലിബാൻ ഭീകരർ പ്രഖ്യാപിച്ച താത്കാലികമന്ത്രിസഭയിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീൻ. മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതടക്കമുള്ള ശിക്ഷാരീതികൾ താലിബാൻ ഇതിനകം തുടങ്ങിയിട്ടുണ്ട്. താലിബാൻ ഭീകരരുടെ ക്രൂര നടപടികൾ തുടരുമെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.