Home Local News സിഐയുടെ വീട്ടിൽ മോഷണം; കാര്യമായി ഒന്നും തടഞ്ഞില്ല; പഴയ സാധനങ്ങളും ഗ്യാസ് കുറ്റിയും അടിച്ചുമാറ്റി കള്ളൻ; അന്വേഷണം ആരംഭിച്ചു

സിഐയുടെ വീട്ടിൽ മോഷണം; കാര്യമായി ഒന്നും തടഞ്ഞില്ല; പഴയ സാധനങ്ങളും ഗ്യാസ് കുറ്റിയും അടിച്ചുമാറ്റി കള്ളൻ; അന്വേഷണം ആരംഭിച്ചു

0

തിരുവനന്തപുരം; കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതിയാണ് സിഐയുടെ അടഞ്ഞു കിടന്ന വീട്ടില്‍ കള്ളന്‍ കയറിയത്. പക്ഷേ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങള്‍, കുറച്ച്‌ പഴയ സാധനങ്ങളല്ലാതെ കാര്യമായി ഒന്നും ഇവിടെയുണ്ടായിരുന്നില്ല. പിന്നെ കള്ളന്‍ വൈകിയില്ല കൂട്ടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ​ഗ്യാസ് കുറ്റിയും ചില്ലറ സാധനങ്ങളും കൊണ്ട് കള്ളന്‍ കടന്നു. പൊഴിയൂര്‍ സി.ഐ ബിനുകുമാറിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്.

വെള്ളനാടുള്ള സിഐയുടെ വീട് ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ നിന്ന് പഴയ റെഡിയോയും ടിവിയും, വിളക്ക്, ഷോക്കേസില്‍ വെച്ചിരുന്ന നടരാജ വിഗ്രഹം, കാറിന്റെ താക്കോല്‍ എന്നിവയാണ് മോഷണം പോയത്. പ്രതീക്ഷിച്ച പോലെ സാധനങ്ങള്‍ കയ്യില്‍ തടയാതിരുന്നതുകൊണ്ടാകാം അടുക്കളയിലുണ്ടായിരുന്ന ​ഗ്യാസ് കുറ്റിയും പൊക്കിയത്.

ആകെ പതിനായിരം രൂപയില്‍ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ദിവസം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here