മാന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്കു ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ് പിടികൂടി. മാന്നാർ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാൻഡു ചെയ്തു.
മാന്നാർ കുരട്ടിശേരി, പാവുക്കര, പുത്തൻപുരയിൽ, റംസിയ(36), കുരട്ടിശേരി വിഷവർശ്രിക്കര കുറുമ്പൊഴിക്കൽ താമരാക്ഷൻ(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പതിനാലും പത്തും വയസു പ്രായമുള്ള രണ്ടു കുട്ടികൾ വീതം ഇരുവർക്കുമുണ്ട്.
പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ചു പോയി കുട്ടികൾക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്. കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
സെപ്റ്റംബർ 19നു വൈകുന്നേരം ആറിനു ശേഷം റംസിയയെ കാണാതായതിനു ഭർത്താവ് നൽകിയ പരാതിയിൽ മാന്നാർ പോലീസ് മാൻ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബർ 20ന് വൈകുന്നേരത്തോടെ ഇടുക്കി കഞ്ഞിക്കുഴിയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.
താമരാക്ഷന്റെ കാറു സഹിതം ഇടുക്കി കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിൽ എടുത്ത് മാന്നാർ പോലീസിന് കൈമാറുകയായിരുന്നു. താമരാക്ഷനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും റംസിയയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്.