വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്, ഏഴു ദിവസത്തിനകം മറുപടി നൽകണം

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ തടവുപുള്ളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഉത്തരമേഖല ജയില്‍ ഡി ഐ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി ജി പിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെതിരെയുള്ള പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡി ജി പി വ്യക്തമാക്കി.

വിയ്യൂര്‍ ജയിലില്‍ തടവു പുള്ളികള്‍ നിരന്തരമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജയില്‍ ഡി ജി പി ഇവിടെ പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ഫോണ്‍ ഉപയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച ഡി ജി പി, ജയിലില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൈ ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. തീവ്രവാദ കേസുകളിലടക്കമുള്ളവര്‍ കഴിയുന്ന വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നത് വളരെ ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു.